10:51pm 24 September 2026
NEWS
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് സിയാലിൽ തുടക്കം
24/09/2026  08:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് സിയാലിൽ തുടക്കം
HIGHLIGHTS

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ കൺസൾട്ടൻസി സർവീസായ സിയാൽ എയ്‌സസിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യുന്നു. മന്ത്രി റോജി എം.ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ എയ്സിസ് ടീം അംഗങ്ങൾ എന്നിവർ സമീപം.

കൊച്ചി: സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന്  തുടക്കം: ആദ്യ സംരംഭം പശ്ചിമബം​ഗാളിലെ ദുർ​ഗാപുർ വിമാനത്താവളത്തിൽ .നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ. സിയാലിന്റെ നെറ്റിയിൽ ചാർത്തുന്ന തിലകക്കുറിയായിരിക്കും 'സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആന്റ് എക്‌സ്പർട്ട് സർവീസസ് (സിയാൽ ഏയ്സസ്). വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള കൺസൾട്ടൻസി സേവനമാണ് വിഭാവനം ചെയ്യുന്നത്. സിയാലിന്റെ വിപുലമായ അനുഭവസമ്പത്താണ് ഇതിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷംസിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിലാണ് സിയാൽ ഏയ്‌സസ് വഴി കൺസൾട്ടൻസി സേവനം നൽകുന്നത്. പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമായിരിക്കും ഇതിന്റെ ആദ്യ പദ്ധതിയായി നടപ്പാക്കുക. 

പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള 'ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസും' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന ഈ സൗകര്യം എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ്ബായി വികസിപ്പിക്കുക, ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി യാത്രാനുഭവം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികൾക്കും തുടക്കമിടും.

ഓഹരിയുടമകൾക്ക് 55% ലാഭവിഹിതം

ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശയ്ക്ക് സിയാൽ വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാൽ നേടിയത്. 73,134 വിമാന സർവീസുകളിലായി 1.14 കോടി യാത്രക്കാരെ ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തു.

ചടങ്ങിൽ മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി രാജീവ്‌ കെ., സി.എഫ്.ഒ സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img